പറവൂര്‍ സ്വരൂപം
വീണ്ടിനിവട്ടത്തു സ്വരൂപമെന്നും ഈ രാജ്യത്തിനു പേരുണ്ട്. ഒരു നമ്പൂതിരി നാടുവാഴിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ ചെറിയ രാജ്യം. ഇന്നത്തെ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍, പെരിയാറിന്റെ വടക്കുഭാഗത്തുള്ള ദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ നാട്. കൊച്ചിയോടു കൂറുപുലര്‍ത്തി വന്നിരുന്ന ഈ രാജ്യത്തിന് ചില പ്രത്യേക അധികാരങ്ങളും ഉണ്ടായിരുന്നു. 1764ല്‍ പറവൂരിനെ ധര്‍മ്മരാജാവ് തിരുവിതാംകൂറിന്റെ ഭാഗമാക്കി.
ആലങ്ങാട് ദേശം
ഈ ദേശത്തിന് മങ്ങാട് എന്നും പേരുണ്ടായിരുന്നു. മുത്തേരിപ്പാട് എന്ന് സ്ഥാനപ്പേരുള്ള ഒരു സാമന്തപ്രഭുവിന്‍ റ്റെ ഭരണത്തിലായിരുന്ന ഒരു ചെറിയ രാജ്യമാണിത്. ആദ്യം മങ്ങാട് കൈമളുടെ വകയായിരുന്നു ഇത്. ആലങ്ങാട്, അയിരൂര്‍, ചെങ്ങമനാട്, കോതകുളങ്ങര, മഞ്ഞപ്ര തുടങ്ങിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഈ ദേശം.
കൊടുങ്ങല്ലൂര്‍ രാജവംശം
കൊടുങ്ങല്ലൂര്‍ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാണ്‍ടിന്റെ ആരംഭത്തില്‍ രാജേന്ദ്രചോളന്‍ തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോള്‍, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതീഹ്യം.കൊടുങ്ങല്ലൂര്‍ സ്വരൂപത്തിന്റെ ഒരു ശാഖയായ അയിരൂരിന് പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂര്‍ മുതല്‍ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. 1717ല്‍ ഡച്ചുകാര്‍ ഈ നാട് സാമൂതിരിയില്‍ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാര്‍(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമള്‍, ചിറ്റൂര്‍ നമ്പൂതിരി, പഴഞ്ച്ചേരി നായര്‍ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാര്‍ അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളില്‍ വാണിരുന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ കോവിലകം രണ്ട് ശാഖകളില്‍ വ്യാപിച്ച് കിടക്കുന്നു- പുത്തന്‍ കോവിലകം, ചിറയ്ക്കല്‍ കോവിലകം.
തലപ്പിള്ളി
ഇന്നതെ തലപ്പിള്ളി താലൂക്കൂം, പൊന്നാനിതൊട്ട് ചേറ്റുവവരെയുള്ള തീരപ്രദേശങ്ങളും ചേര്‍ന്നതാണ് ഈ രാജ്യം. ഗുരുവായൂര്‍, കുന്നം കുളം, വടക്കാഞ്ചേരി, മുതലായ സ്ഥലങ്ങള്‍ ഈ രാജ്യത്തായിരുന്നു. 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേര്‍ന്ന് അംഗീകരിച്ചിരുന്ന അവരില്‍ മുത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളില്‍ ഏറ്റവും ചെറുതായിരുന്നു മണക്കുളം.
വള്ളുവനാട്
രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകന്‍. ഈ രാജവംശത്തെ അറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളട്ടിരി, അറങ്ങോട്ട് ഉടയവര്‍, വല്ലഭന്‍ എന്നീപേരുകള്‍ ഉണ്ട്. ഈ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം( ഇന്നതെ അങ്ങാടിപ്പുറം) ആയിരുന്നു. ഇന്നത്തെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാനി, തിരൂര്‍, ഏറനാട് താലൂക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവയും ചേര്‍ന്നവയാണ് വള്ളുവനാട് രാജ്യം. തിരുനാവായയില്‍ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈകലാക്കി. മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്വാരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതിയില്‍ ഉണ്ടായിരുന്നുള്ളൂ, ടിപ്പുവിന്റെ ആക്രമണത്തെ തുടര്‍ന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. മലബാര്‍ ബ്രിട്ടീഷ് അധീനതിയില്‍ ആയപ്പോള്‍ വള്ളുവനാട്ടു രാജാവ് അടിത്തുണ്‍ വാങ്ങി വിരമിച്ചു.
തരൂര്‍ സ്വരൂപം
ഇന്നത്തെ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ താലൂക്കുകളുടെ മേല്‍ ഒരുകാലത്ത് ആധിപത്യമുണ്ടായിരുന്ന രാജ്യം. ഈ രാജവംശത്തെ തരൂര്‍ സ്വരൂപം എന്നും, രാജാക്കന്‍മാരെ ശേഖരിവര്‍മ്മമാര്‍ എന്നും വിളിച്ചുപോന്നിരുന്നു. പാലക്കാട് രാജാക്കന്മാരുടെ ആദ്യത്തെ ആസ്ഥാനം പൊന്നാനി താലൂക്കിലെ ആതവനാട് അംശം ആയിരുന്നു.
കൊല്ലങ്കോട് രാജ്യം
പാലക്കാടിന് തെക്കുള്ള ഒരു രാജ്യമാണ് ഇത്. ഈ വംശത്തെ വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്നു. വീരരവി എന്ന ക്ഷത്രിയപ്രഭുവിന്റെ പിന്തുടര്‍ച്ചക്കാരാണ് ഇവര്‍ എന്നും പറയുന്നുണ്ട്. കൊല്ലങ്കോട്ടും സമീപപ്രദേശത്തുള്ള എട്ടുഗ്രാമങ്ങള്‍ ചേര്‍ത്തതാണ് ഈ രാജ്യം. സാമൂതിരി തെക്കേമലബാര്‍ ആക്രമിച്ചപ്പോള്‍ കൊല്ലംങ്കോട് അദ്ദേഹത്തിന് കീഴടങ്ങി. പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അടിത്തൂണ്‍ പറ്റി.
കവളപ്പാറ സ്വരൂപം
ഇന്നത്തെ ഒറ്റപ്പാലം താലൂക്കില്‍പ്പെട്ട ഒരു ചെറിയ സ്വരൂപമാണ് കവളപ്പാറ സ്വരൂപം. ഇവിടത്തെ ഭരണാധികാരി കവളപ്പാറമൂപ്പില്‍ നായരായിരുന്നു. ചേരമാന്‍ പെരുമാളിന്റെ വംശത്തില്‍പ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്.
വെട്ടത്തുനാട്
പൊന്നാനി, തിരൂര്‍ എന്നീ താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെട്ടത്തുനാട് അഥവാ താനൂര്‍ രൂപം. താനൂര്‍, തൃക്കണ്ടിയൂര്‍, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജാവ് ക്ഷത്രിയനായിരുന്നു.
പരപ്പനാട്
ഒരു ക്ഷത്രിയവംശമാണ് ഈ സ്വരൂപം. വെട്ടത്തുനാടിന് വടക്കായിട്ടാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. വടക്കും, തെക്കും എന്നീ രണ്ട് അംശങ്ങളായിട്ടായിരുന്നു. പരപ്പനാട്, തിരൂര്‍ താലൂക്കിന്റെ ചിലഭാഗങ്ങളായിരുന്നു. തെക്കേപരപ്പനാടിലുള്‍പ്പെട്ടിരുന്നത്. കോഴിക്കോടു താലൂക്കിലെ പന്നിയങ്കരയും, ബേപ്പൂരും, ചെറുവണ്ണൂരും വടക്കേപരപ്പനാടില്‍ ഉള്‍പ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ടിപ്പുവിന്റെ ആക്രമണത്തിന് മുമ്പ് സാമൂതിരിയുടെ മേല്‍കോയ്മ അംഗീകരിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടെ ഈ രാജകുടുംബം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഹരിപ്പാട് കൊട്ടാരം ഇവര്‍ നിര്‍മ്മിച്ചതാണ്.
കുറുമ്പ്രനാട്
ഇന്നത്തെ കൊയിലാണ്ടി,കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടായതാണ് കുറുമ്പ്രനാട് രാജ്യം. കോട്ടയവുമായി ബന്ധമുണ്ടായിരുന്ന കുറുമ്പ്രനാട് രാജാക്കന്മാര്‍ ക്ഷത്രിയന്മാരായിരുന്നു.
കടത്തനാട്
ഘടോല്‍ക്കചക്ഷിതി എന്ന് സംസ്കൃതനാമമുള്ള ഈ ദേശത്ത് മുഖ്യമായും ഉള്‍പ്പെട്ടിരുന്നത് ഇന്നത്തെ വടകര താലൂക്കിലെ ഭാഗങ്ങളണ്. കോരപ്പുഴ തൊട്ട് മയ്യഴി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. വടകരയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം (ഇത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അല്ല). കോഴിക്കോടിനടുത്തുള്ള വരയ്ക്കല്‍ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. സാമൂതിരിയുടെ രാജ്യത്തിന്റെ വടക്കേ കരയായത് കൊണ്ടാണ് ഇത് വടകരയായി മാറിയത്. ഒരു കാലത്ത് കോലത്തുനാടിന്റെ ഭാഗമായിരുന്നു.
കളരി അഭ്യാസത്തിന‍് പ്രശസ്തമാണ‍് കടത്തനാട്. ഉണ്ണിയാര്‍ച്ച, ആരോമല്‍ ചേകവര്‍ തുടങ്ങിയവരിലൂടെ പ്രശസ്തമായ പുത്തൂരം വീട് എന്ന ഈഴവ (തീയ്യര്‍) തറവാടും തച്ചോളി ഒതേനന്‍ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി മാണിക്കോത്ത് എന്ന നായര്‍ തറവാടും ഇവിടെ ആയിരുന്നു. ലോകനാര്‍കാവ് ക്ഷേത്രം പ്രസിദ്ധമായത് കടത്തനാടന്‍ കളരിക്കാരിലൂടെയാണ്. വടക്കന്‍ പാട്ടുകളിലെ പുത്തൂരം പാട്ടുകളും തച്ചോളി പാട്ടുകളും കടത്തനാടിന്റെ (വടകരയുടെ) സ്വന്തമാണ്.









0 Comments:
Post a Comment